Kerala
കോട്ടയം: പാലാ മുത്തോലി സ്വദേശിയായ വിജയന് ഒരിക്കലും മറക്കില്ല പുതുവര്‍ഷത്തില്‍ ആദ്യ ശനിയാഴ്ച. കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ ബസില്‍ കുഴഞ്ഞുവീണ വിജയനു രക്ഷകരായെത്തിയത് കെഎസ്ആര്‍ടിസി ബസിലെ ജീവനക്കാരും യാത്രക്കാരും.
ജീവനക്കാരുടെയും യാത്രക്കാരുടെയും സമയോചിതമായ ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരിച്ചു നടക്കുകയാണ് വിജയന്.
ശനിയാഴ്ച വൈകുന്നേരം നാലോടെ തൊടുപുഴ-കോട്ടയം സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിലാണ് സംഭവം. ബസ് ഏറ്റുമാനൂര്‍ ടൗണിലേക്ക് എത്താറായപ്പോഴാണ് ഒരു യാത്രക്കാരനുണ്ടായ ദേഹാസ്വാസ്ഥ്യം കണ്ടക്ടറായ രൂപേഷിന്റെ ശ്രദ്ധയില്‍പ്പെടുന്നത്.
യാത്രക്കാരന്റെ അവസ്ഥ സഹയാത്രികരെ അറിയിച്ച രൂപേഷ് ഡ്രൈവറോട് അടുത്തുള്ള ആശുപത്രിയില്‍ എത്രയും വേഗം ബസ് എത്തിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. യാത്രക്കാരന്റെ ആരോഗ്യസ്ഥിതി വഷളാകാതിരിക്കാന്‍ അല്‍-അസര്‍ മെഡിക്കല്‍ കോളജിലെ നഴ്സ് ലക്ഷ്മിയും സഹായത്തിനെത്തി. സഹയാത്രികയും ലക്ഷ്മിയും ചേര്‍ന്ന് സിപിആര്‍ നല്കി.
ഏറ്റുമാനൂര്‍ ടൗണിലെ ബ്ലോക്ക് മറികടന്ന് ഡ്രൈവര്‍ പ്രദീപ് ബസുമായി ആശുപത്രി ലക്ഷ്യമാക്കി കുതിച്ചു. നിമിഷനേരംകൊണ്ട് വിജയനെ കാരിത്താസ് ആശുപത്രിയിലെത്തിച്ചു.
പ്രഥമിക പരിശോധനയില്‍ ഹൃദയാഘാതത്തിന്റെ ചെറിയ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് വിജയനെ ഐസിയുവിലേക്ക് മാറ്റി. കണ്ടക്ടറായ രൂപേഷ് .ആര്, ഡ്രൈവര്‍ പ്രദീപ് കെ.ആര്. എന്നിവര്‍ പാലാ ഡിപ്പോയുടെ ആര്‍പിസി636 നമ്പര്‍ ബസിലെ ജീവനക്കാരാണ്. ഒരു ജീവന് രക്ഷിക്കാനായതിന്റെ സന്തോഷത്തില്‍ ബസും യാത്രക്കാരും കോട്ടയത്തേക്ക് യാത്ര തുടര്‍ന്നു.
Kerala
മുണ്ടക്കയം: മുണ്ടക്കയം എരുമേലി റോഡില്‍ കണ്ണിമല കുത്തറക്കത്തില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു. അഞ്ചുപേര്‍ക്ക് പരിക്ക്. ഇന്നു പുലര്‍ച്ചെ മൂന്നിനായിരുന്നു അപകടം.
നിയന്ത്രണം വിട്ട ബസ് ക്രാഷ് ബാരിയര്‍ തകര്‍ത്ത് നില്‍ക്കുകയായിരുന്നു. കുഴിയിലേക്ക് മറിയാതിരുന്നതിനാല്‍ അപകടം ഒഴിവായി. കണ്ണിമല ഇറക്കത്തിന് മുകളില്‍ പോലീസിന്റെ സേവനമുണ്ടെങ്കിലും വാഹനത്തിനു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയില്ലെന്നും ആരോപണമുണ്ട്.
ആംബുലന്‍സിന്റെ സേവനവും ഉണ്ടായിരുന്നില്ല. എരുമേലില്‍നിന്ന് ആംബുലന്‍സ് വരുത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് സംഘർഷത്തിനിടെ ഡിവൈഎഫ്ഐയുടെ ആംബുലൻസിന് തീയിട്ട സംഭവത്തിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റില്‍. നെടുമങ്ങാട് സ്വദേശികളായ സമദ്, നാദിർഷാ , അൽത്താഫ് എന്നിവരാണ് പിടിയിലായത്.
നെടുമങ്ങാട് എസ്ഡിപിഐയും സിപിഎമ്മും തമ്മിൽ ഏറെ നാളായുള്ള രാഷ്ട്രീയ സംഘർഷത്തിന്റെ തുടർച്ചയായാണ് അക്രമം നടന്നത്.
സിപിഎം പ്രവർത്തകർ എസ്ഡിപിഐയുടെ ആംബുലൻസിന്റെ ചില്ല് തകർത്തതിന് പിന്നാലെ ഡിവൈഎഫ്ഐയുടെ ആംബുലൻസിന് എസ്ഡിപിഐ പ്രവർത്തകർ തീയിടുകയായിരുന്നു.
സംഘര്‍ഷത്തില്‍ മുല്ലശേരി സിപിഎം ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ ആക്രമിച്ച സംഭവത്തിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്കെതിരെയും കേസെടുത്തിരുന്നു.
District News
തലയോലപ്പറമ്പ്: പഞ്ചായത്ത് ഓഫീസിലേക്കുള്ള സ്റ്റേഷനറിസാധനങ്ങൾ വാങ്ങുന്നതിന് ആംബുലൻസ് ഉപയോഗിച്ച അധികൃതരുടെ നടപടി വിവാദമാകുന്നു.
സൗത്ത് ഇന്ത്യൻ ബാങ്ക് തലയോലപ്പറമ്പ് പഞ്ചായത്തിന് നൽകിയ ആബുലൻസ് ചട്ടം മറികടന്ന് അധികൃതർ ചരക്കുവണ്ടിയാക്കിയെന്നാണ് ആരോപണം.പഞ്ചായത്ത് ഓഫീസിലേക്ക് ആവശ്യമായ സ്റ്റേഷനറി സാധനങ്ങൾ പാലക്കാടുള്ള ഡിപ്പാർട്ട്മെന്റ് സ്റ്റോറിൽനിന്നു കൊണ്ടുവരാനാണ് അധികൃതർ ആംബുലൻസ് ഉപയോഗിച്ചത്.
ചട്ടലംഘനം നടത്തിയ പ്രസിഡന്റിനും ഉദ്യോഗസ്ഥർക്കുമെതിരേ അധികൃതർ നിയമ നടപടികൾ സ്വീകരിക്കണമെന്ന് പാർലമെന്ററി പാർട്ടി ലീഡർ ജോസ് വേലിക്കകം ആവശ്യപ്പെട്ടു. പഞ്ചായത്ത് അംഗങ്ങളായ സജിമോൻ വർഗീസ്, വിജയമ്മ ബാബു, നിസാർ വരവുകാല, അനിതാ സുബാഷ്, സേതുലക്ഷ്മി എന്നിവർ യോഗത്തിൽ പങ്കെടുത്തു.